Friday, June 8, 2012

പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഒരോര്‍മ്മക്കുറിപ്പ്...

മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍ എന്നത് തര്‍ക്കമില്ലാത്ത സത്യമാണ്. ആ മഹാ നടന്‍റെ കഴിവിനെ പറ്റി പറയാന്‍ എന്‍റെ ഈ ബ്ലോഗിന് അര്‍ഹതയില്ല. തനിക്കു ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും എവിടെ വെച്ചും തുറന്നു പറയുന്ന പ്രകൃതം. അതുകൊണ്ട് തന്നെ മിത്രങ്ങളെപ്പോലെ ശത്രുക്കളെയും ഒരുപാട് സമ്പാദിച്ചിട്ടുണ്ട്  അദ്ദേഹം. ഞാന്‍ ആദ്യമായി ജഗതി ശ്രീകുമാര്‍ എന്ന ആ മഹാനടനെ കാണുന്നത് എന്‍റെ നാട്ടിലെ  ഒരു ക്ഷേത്രത്തിലെ ഉത്സവ സമയത്താണ്. അമ്പലത്തിലെ ഒരു യുവജന സംഘടനയുടെ ആരംഭം കുറിക്കാന്‍ മുഖ്യാഥിതിയായി എത്തിയത് ജഗതി ആയിരുന്നു. ഞാന്‍ അന്ന് സ്കൂള്‍ കുട്ടിയാണ്,(മനസ്സ് കൊണ്ട് ഇപ്പോഴും അങ്ങനെ തന്നെയാണ്). ഓര്‍മ്മ വച്ച നാള്‍ മുതലേ ഒരുപാട് സിനിമകളില്‍ പല പല കഥാപാത്രങ്ങളായി മാറി മാറി വന്നിട്ടുള്ള ആ ആരാധന മൂര്‍ത്തിയെ നേരിട്ട് കാണാന്‍ വേണ്ടി അദ്ദേഹം വരുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ ഞാന്‍ അമ്പലപ്പറമ്പിലെത്തി. അത്രയും മുന്‍പേ വരാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, കഥാപാത്രങ്ങളായി വന്നു എന്നെ ഒത്തിരി ചിരിപ്പിച്ചിട്ടുള്ള ജഗതി ശ്രീകുമാര്‍ എന്ന മനുഷ്യനെ അടുത്ത് കാണുക, പിന്നെ എന്‍റെ കയ്യില്‍ കരുതിയിട്ടുള്ള ഡയറിയില്‍ അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ എന്തെങ്കിലും ഒരു വാക്ക് കുറിപ്പിക്കുക . ഈ ദുരുദ്ദേശ്യത്തോടെ വേദിക്ക് അരികില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ അവിടെ പറയുന്നത് കേട്ടു,"ജഗതി ചിലപ്പോഴേ വരൂ എന്ന്". കാരണം, അതിനു രണ്ടു ദിവസം മുന്‍പാണ് ജഗതിയുടെ അച്ഛന്‍, ജഗതി എന്‍ കെ ആചാരി എന്ന മഹാനായ നാടകാകൃത്ത് അന്തരിച്ചത്‌. പക്ഷെ ഒരു സംശയങ്ങളും ഉണ്ടാക്കാതെ കൃത്യ സമയത്ത് തന്നെ ജഗതി വേദിയിലെത്തുകയും ആ ചടങ്ങ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എനിക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തക്കവണ്ണം ഒരു ഓര്‍മ്മക്കുറിപ്പ്‌ സമ്മാനിക്കുകയും ചെയ്തു. അതില്‍ രണ്ടു വാക്കേ ഉണ്ടായിരുന്നുള്ളൂ, "Regards Jagathy".
           ഇത്രയും പറയാന്‍ കാരണം  രണ്ടു ദിവസം മുന്‍പ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന വാര്‍ത്ത പത്രത്തില്‍ അറിഞ്ഞതിന്‍റെ  സന്തോഷത്തിലാണ്. അദ്ദേഹത്തെ ഹോസ്പിറ്റലിലെ മുറിക്കു പുറത്തേക്കു കൊണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു. മാത്രവുമല്ല, രണ്ടു മാസത്തിനകം അദ്ദേഹത്തിന് സംസാരശേഷി വീണ്ടെടുക്കാനും കഴിയുമെന്ന് വെല്ലൂരിലെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വലതു കൈയ്യും, കാലും ചലിപ്പിക്കാനും സാധിക്കുന്നുണ്ടത്രേ. ഭക്ഷണം കഴിക്കാനുള്ള ട്യൂബ് മാറ്റിയിട്ടില്ല, എങ്കിലും ഇപ്പോള്‍ അദ്ദേഹം ഭക്ഷണം സാധാരണ പോലെ കഴിക്കുന്നുണ്ട്. നേരത്തെ ദ്രവരൂപത്തിലുള്ള ആഹാരം ട്യൂബ് വഴിയാണ് നല്‍കിയിരുന്നത്,എന്നാല്‍ ഇപ്പോള്‍ മറ്റു ഭക്ഷണങ്ങളും കഴിക്കുന്നുണ്ടെന്ന് ജഗതിയുടെ മരുമകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
         എന്തായാലും അദ്ദേഹം എത്രയും വേഗം പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്ത്‌ സിനിമയിലേക്ക് തിരിച്ചു വരാന്‍ വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.

JAGATHY SREEKUMAR 


Sunday, June 3, 2012

യാത്രക്കാരുടെ ജീവന്‍വെച്ച് KSRTC യുടെ കളി

ഇന്നലെ (02.06.2012) ഉച്ചക്ക് 12.30 ന് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസ്സിന്‍റെ ഗതി കണ്ടില്ലേ!  ബസ്‌ ചേര്‍ത്തല എത്തിയപ്പോള്‍ മുന്നില്‍ ഇടതുഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചു . ബസ്‌ അധികം വേഗതയില്‍ അല്ലാതിരുന്നത് കൊണ്ട് ഒരു വന്‍ ദുരന്തം ഒഴിവായി. കഷ്ടകാലത്തിനായാലും, നല്ല കാലത്തിനായാലും ശരി ഈയുള്ളവനും അതിലെ ഒരു യാത്രക്കാരനായിരുന്നു. ദീര്‍ഘദൂര ബസ്സുകളില്‍ മുന്‍ഭാഗത്ത്‌ പഴയതോ, തേഞ്ഞതോ ആയ ടയറുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് നിയമം. എന്നാല്‍ കട്ട ചെയ്ത തയാറാണ് ഈ ബസ്സില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമായി മനസ്സിലാകും. ഇതൊക്കെ ആര് നോക്കാന്‍. ഒരു ദുരന്തം സംഭവിക്കുന്നത്‌ വരെയും അത് ഇങ്ങനെ തന്നെ തുടരും. സത്യത്തില്‍ ഇതിനു ഉത്തരവാദി ആരാണ്? ആലപ്പുഴ ഡിപ്പോയില്‍ നിന്നുള്ള ബസ്സിനാണ്‌ ഈ ഗതി വന്നത്. തിരുവനന്തപുരത്ത് നിന്നും തൃശൂര്‍ വരെ ഏതാണ്ട് 5 ജില്ലകളിലൂടെ നിറയെ യാത്രക്കാരുമായി കടന്നു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് ഈ കട്ട ചെയ്ത ടയര്‍ ഇട്ടിട്ടുള്ളതെന്നത് വളരെ വിചിത്രമായി തോന്നി. എന്‍റെ ഈയൊരു ഫോട്ടോ കൊണ്ടൊന്നും ഇത് മാറാന്‍ പോകുന്നില്ലെന്ന് അറിയാം, എന്നാലും ഇനി ദീര്‍ഘദൂരം യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാര്‍ എങ്കിലും ഇതൊന്നു ശ്രദ്ധിച്ചാല്‍ നന്ന്, ഇല്ലെങ്കില്‍ നഷ്ടമാകുന്നത് നിങ്ങളുടെ വിലപ്പെട്ട സമയവും, പലരുടെയും ജീവനും ആയിരിക്കും.