Friday, February 24, 2012

നയന്‍താര തിരിച്ചു വരുന്നു....


നയന്‍താരയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, അഭിനയം നിര്‍ത്തി എന്ന് പറഞ്ഞിരുന്ന നയന്‍സ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. പ്രഭുദേവയുമായി വിവാഹം നടന്നുവെന്ന വാര്‍ത്തകളുടെ കൂടെയാണ് നയന്‍സ് അഭിനയം നിര്‍ത്തി എന്ന് പ്രഖ്യാപിച്ചതും. എന്നാല്‍ നാഗാര്‍ജുന നായകനാകുന്ന പുതിയ തെലുങ്ക്‌ ചിത്രത്തില്‍  അഭിനയിക്കാന്‍ നയന്‍സ് സമ്മതം മൂളിക്കഴിഞ്ഞത്രേ. ഒരു തമിഴ് ചിത്രത്തിലേക്കും കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ശ്രീരാമരാജ്യം എന്ന തെലുങ്ക്‌ സിനിമയിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. ആ ചിത്രത്തിന്‍റെ അവസാന സീന്‍ ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ നയന്‍സ് സെറ്റില്‍ നിന്ന് പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. ഇടയ്ക്കു പ്രഭുദേവയും നയന്‍സും വഴി പിരിഞ്ഞുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതിനിടെയാണ് അഭിനയ രംഗത്തേക്ക് നയന്‍താരയുടെ തിരിച്ചു വരവ്.
അതിനിടെ നയന്‍താര പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയും ശക്തമായി. 'പ്രഭു' എന്ന് കയ്യില്‍ പച്ച കുത്തിയതാണത്രെ കാരണം. പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യണമെങ്കില്‍ കയ്യില്‍ ശരീരത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്ത്‌ നിന്നുമുള്ള ചര്‍മ്മം വേണം വച്ച് പിടിപ്പിക്കാന്‍, അത് എവിടെ നിന്ന് വേണം എന്ന കാര്യത്തിലാണത്രേ ഇപ്പോള്‍ നയന്‍സിന്‍റെ ടെന്‍ഷന്‍.
ശ്രീരാമരാജ്യം എന്ന തെലുങ്ക്‌ സിനിമയുടെ തമിഴ് പതിപ്പ് ഉടന്‍ പ്രദര്‍ശനത്തിനെത്തും . ശ്രീരാമരാജ്യത്തിന്‍റെ മലയാളം പതിപ്പും തയ്യാറാവുകയാണ്‌. വിഷുവിന് കേരളത്തില്‍ റിലീസാകും.

Nayanthara

 

Thursday, February 23, 2012

യാത്രക്കാരുടെ (കുടിയന്മാരുടെ) ശ്രദ്ധക്ക് .....!!!

ട്രെയിന്‍ യാത്രക്കാരായ അണ്ണന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌, ബാറില്‍ കേറി 2 പെഗ് അടിച്ചിട്ട് സുഖമായി ട്രെയിനില്‍ കേറി പോകാമെന്ന് വെച്ചാല്‍ ഇനി മുതല്‍ കുടുങ്ങും. ഇന്ത്യന്‍ റെയില്‍വേ ആക്ട്‌ 145 പ്രകാരമാണ് നടപടി. ബ്രീത്ത്‌അനലൈസരില്‍ 30 % ല്‍ കൂടുതല്‍ ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടാല്‍ 6 മാസം അകത്തു കിടക്കേണ്ടി വരും. വെള്ളമടിച്ചിട്ട് പ്ലാറ്റ്ഫോമില്‍ കയറിയാലും പണി ഉറപ്പാണ്‌. ട്രെയിനിനുള്ളില്‍ ഇരുന്നു മദ്യപിക്കാന്‍ പാടില്ലെന്ന് നേരത്തെ നിയമമുണ്ടെങ്കിലും, അടിച്ചിട്ട് കയറരുതെന്ന് നിയമം ആദ്യമായാണ്. മദ്യത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ അഭ്യസ്തവിദ്യരായ കുടിയന്മാരെ കുടുക്കാനുള്ള റയില്‍വേയുടെ തന്ത്രമായി വേണം ഇതിനെ കാണാന്‍. ട്രെയിനില്‍ സ്ത്രീകള്‍ക്ക് നേരെയും മറ്റും അതിക്ക്രമങ്ങള്‍ കാട്ടുന്നത് മുഴുവന്‍ കുടിയന്മാര്‍ ആണെന്നാണ് റയില്‍വേയുടെ ഭാഷ്യം. അതുകൊണ്ടാണത്രേ കുടിയന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാരണവും. പ്ലാറ്റ്ഫോമിലും, ട്രെയിനിനുള്ളിലും ബ്രീത്ത്‌അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തി പിടികൂടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന. അതുകൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്ന മാന്യ കുടിയന്മാര്‍ സൂക്ഷിക്കുക, "സൂക്ഷിച്ചാല്‍ ദുഖിക്കണ്ട".

സച്ചിന്‍ വിരമിക്കണമോ?

ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി രംഗത്ത് വന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങളില്‍ സച്ചിന് ഫോം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് ഗാംഗുലി ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയതെന്ന് തോന്നുന്നു. ഓസ്ട്രെലിയക്കെതിരായ ടെസ്റ്റ്‌ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരേയൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ആണെന്നത് ഗാംഗുലി മറന്നു പോയെന്നു തോന്നുന്നു. കഴിഞ്ഞ 23 വര്‍ഷമായി സച്ചിന്‍ ഇന്ത്യന്‍ ടീമിന്‍റെ അഭിഭാജ്യ ഘടകമാണ്. ഒരു പര്യടനത്തിലെ മോശം പ്രകടനം കൊണ്ട് മാത്രം സച്ചിനെ തള്ളിപ്പറഞ്ഞ ഗാംഗുലിയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ഗാംഗുലി ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. "സച്ചിന്‍ മഹാനായ കളിക്കാരനാണ്. ഏകദിനത്തില്‍ തുടര്‍ന്നും കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സച്ചിനാണ്. ഇപ്പോഴത്തെ ഫോം അനുസരിച്ച് സച്ചിന്‍ ഏകദിനത്തില്‍ തുടരുന്നത് ശരിയായ തീരുമാനമല്ല, സച്ചിന്‍ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. സച്ചിനേക്കാള്‍ ഇന്ത്യന്‍ ടീമിന് സേവനം ചെയ്ത മറ്റൊരു കളിക്കാരനില്ല. ഏകദിനത്തില്‍ ഇനിയും തുടരണമോ എന്ന് തീരുമാനിക്കേണ്ടത് സച്ചിനും സെലെക്ടര്‍മാരുമാണ്". ഗാംഗുലി പറഞ്ഞു.
സച്ചിന്‍ വിരമിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സച്ചിന് മാത്രമാണ്, ഗാംഗുലിക്കല്ല. ഗാംഗുലി പറഞ്ഞിട്ടല്ലലോ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക് വേണ്ടി കളിയ്ക്കാന്‍ തുടങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് പറയുന്ന വ്യക്തി വെറുമൊരു ക്രിക്കറ്റര്‍ മാത്രമല്ല, ഇന്ത്യക്കാരുടെ മുഴുവന്‍ 'വികാരമാണ്' എന്നത് ഗാംഗുലി മറക്കരുത്.

 

Friday, February 17, 2012

എല്ലാ മലയാളികള്‍ക്കും എന്‍റെ നമസ്ക്കാരം

എല്ലാ ലോക മലയാളികള്‍ക്കും എന്‍റെ നമസ്ക്കാരം. ഇത്രയും വലിയ ഒരു നമസ്ക്കാരം എന്തിനാന്നു ചോദിച്ചാല്‍, ഞാന്‍ ഒരുപാട് നാളായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്ന് കരുതുന്നത്, പക്ഷെ ഇത്തിരി വൈകിയാണെങ്കിലും എന്‍റെ ആ മോഹം സഫലമായിരിക്കുകയാണ്. അതിന്റെ സന്തോഷം കൊണ്ട് പറഞ്ഞതാണ്‌. ഈ ബ്ലോഗ്‌ തുടങ്ങാന്‍ ഇത്രയും വൈകിയതിന്‍റെ കാരണം വഴിയെ ബോധിപ്പിച്ചു കൊള്ളാം. വലിയ സാഹിത്യ സൃഷ്ടികള്‍ ഒന്നും പ്രതീക്ഷിക്കാതെ ഈയുള്ളവന്‍റെ ഈ ചെറിയ സംരംഭം പ്രോത്സാഹിപ്പിക്കുമെന്ന് ആഗ്രഹിക്കുകയാണ്. നമ്മള്‍ മലയാളികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ തൃശൂര്‍ പൂരത്തിന്‍റെ ചിത്രത്തോട് കൂടി എന്‍റെ ഈ ബ്ലോഗ്‌ പിറക്കുകയാണ്... നന്ദി, നമസ്ക്കാരം.


തൃശ്ശൂര്‍ പൂരം (THRISSUR POORAM)