Sunday, September 16, 2012

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...



 വിമാനത്തില്‍ കയറിയ ഉടനെ ഫോണ്‍ വിളിക്കാന്‍ തുടങ്ങരുത്‌. മൊബൈല്‍ ഓഫ്‌ ചെയ്തു വേണം വിമാനത്തില്‍ പ്രവേശിക്കാന്‍. വിമാനം ലാന്‍ഡ്‌ ചെയ്യുന്നതിന് മുന്‍പ് ഫോണ്‍ ഓണ്‍ ചെയ്യരുത്, കാരണം നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എയര്‍ ട്രാഫിക്‌ കണ്‍ട്രോളും, കോക്ക്പിറ്റും തമ്മിലുള്ള ആശയ വിനിമയം തകരാറില്‍ ആകുകയും, വിമാനം അപകടത്തിലാകുകയും ചെയ്യും. അതുകൊണ്ട് വിമാനത്തിനുള്ളില്‍ മൊബൈല്‍, റേഡിയോ, ലാപ്ടോപ് തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ദയവായി ഓഫ് ചെയ്യുക.

 വിമാനം ലാന്‍ഡ് ചെയ്ത ഉടനെ തിടുക്കപ്പെട്ട് സീറ്റ് ബെല്‍റ്റ്‌ അഴിക്കരുത്, കാരണം ആ സമയത്ത് വിമാനം സഡന്‍ ബ്രേക്ക് ഇട്ടാല്‍ മരണം വരെ സംഭവിക്കാം. ഓരോ സീറ്റിനു മുകളിലും സീറ്റ് ബെല്‍റ്റ്‌ എപ്പോള്‍ ധരിക്കണം, എപ്പോള്‍ അഴിക്കണം എന്നൊക്കെ വ്യക്തമാക്കുന്ന സൂചനകള്‍ ഉണ്ടാകും. അത് പാലിക്കുക. വിമാനം നിര്‍ത്തിയ ശേഷം മാത്രം സീറ്റ് ബെല്‍റ്റ്‌ അഴിക്കുക.
INSIDE FLIGHT

   ഒരു കാരണവശാലും വിമാനം നിര്‍ത്തുന്നതിനു മുന്‍പ് തന്നെ ലഗേജ് എടുക്കാനായി തിരക്ക് കൂട്ടരുത്. വിമാനം ഈ സമയത്ത്  സഡന്‍ ബ്രേക്ക് ഇട്ടാല്‍ മരണം വരെ സംഭവിക്കാം. വിമാന ജോലിക്കാര്‍ 'EXIT' ഡോര്‍ തുറക്കുന്നതുവരെ കാത്തിരിക്കുക.

  നിങ്ങള്‍ പറക്കുന്നത് മുപ്പതിനായിരത്തിലധികം അടി ഉയരത്തിലാണ്. ഒരാള്‍ കാണിക്കുന്ന അബദ്ധം വിമാനത്തില്‍ യാത്ര ചെയ്യുന്ന മുഴുവന്‍പേരെയും ബാധിക്കും എന്നോര്‍ക്കുക. വന്‍ ദുരന്തങ്ങള്‍ നല്‍കിയ പാഠങ്ങളില്‍ നിന്ന് കണ്ടെത്തിയ ഇത്തരം സുരക്ഷാ നിയമങ്ങള്‍ ദയവായി പാലിക്കുക. സഹയാത്രികരെ പറഞ്ഞു മനസ്സിലാക്കുക.
  നമുക്ക് നൂറു ശതമാനം സാക്ഷരത മാത്രമല്ല, വിവരവും ഉണ്ടെന്നു സ്വയം ബോധ്യപ്പെടുത്തുക. എല്ലാവര്‍ക്കും സുരക്ഷിത യാത്ര നേരുന്നു.




റിയാലിറ്റിഷോ കച്ചവടം...


റിയാലിറ്റി ഷോകള്‍ അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് സമ്മാനത്തിന്‍റെ കാര്യത്തില്‍ മാത്രം ഒരു റിയാലിറ്റിയും ഇല്ല, കച്ചവടം മാത്രം. ഒരാള്‍ വൃത്തിയായി പാടി വച്ചിരിക്കുന്ന ഒരു ഗാനം പലപ്രാവശ്യം കേട്ടു പഠിച്ചു പാടുന്നയാള്‍ക്ക് ഒരു കോടിയുടെ ഫ്ലാറ്റ് സമ്മാനം. എന്നാല്‍ ഓരോ എപിസോഡിലും പുതിയ പുതിയ തിരക്കഥയുമായി, ക്രിയേറ്റിവ് ആയി പുതിയ വിഷയങ്ങള്‍ അവതരിപ്പിച്ചു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ടീമിന് വെറും 25 ലക്ഷത്തിന്‍റെ ഫ്ലാറ്റ്. മലയാളം ചാനല്‍ പരിപാടികളില്‍ റേറ്റിങ്ങില്‍ ടോപ്‌ ആയി നില്‍ക്കുന്ന റിയാലിറ്റി ഷോയ്ക്കാണ് ഈ ദുരവസ്ഥ. ഒരു ടീമില്‍ കുറഞ്ഞത്‌ 4 പേരെങ്കിലും ഉണ്ട്. ചാനല്‍ തന്നെ പറയുന്നത് റേറ്റിങ്ങില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പരിപാടിയാണ് വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്നാണ്, പക്ഷെ ഒന്നാം സമ്മാനം മറ്റു റിയാലിറ്റി ഷോകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും കുറവും. കണ്ടു മടുത്ത സംഗീത പരിപാടികളെ അപേക്ഷിച്ച് എന്ത് കൊണ്ടും മികച്ച പരിപാടിയാണ് ഈ കോമഡി റിയാലിറ്റി ഷോ എന്ന കാര്യത്തില്‍ സംശയമില്ല. സമ്മാനത്തിന്‍റെ കാര്യത്തില്‍ മാത്രം എന്തിനാണാവോ ഈ അവഗണന... 

Wednesday, September 5, 2012

ആക്ഷന്‍ പടങ്ങള്‍ ചെയ്യില്ലെന്ന് ഷാജി കൈലാസ്

"ഷാജി കൈലാസ്" ഒരു കാലത്ത് മലയാള സിനിമ ആര്‍ത്തിരംബിയ  പേരായിരുന്നു. നായകന്‍റെ  "intro" സീനിനെക്കാള്‍ കൂടുതല്‍ കൈയ്യടി "സംവിധാനം ഷാജി കൈലാസ്" എന്ന് എഴുതി കാണിക്കുമ്പോള്‍  ലഭിച്ചിരുന്ന കാലം.. തെവള്ളിപ്പരംബില്‍ ജോസഫ്‌ അലക്സ്‌, പൂവള്ളി ഇന്ധുചൂടന്‍, ജഗന്നാഥന്‍, കുളപ്പുള്ളി അപ്പന്‍, ഭരത് ചന്ദ്രന്‍, അറക്കല്‍ മാധവനുണ്ണി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍... പക്ഷെ ഇന്നോ...ഒരു കയറ്റം ഉണ്ടായാല്‍ ഒരു ഇറക്കം ഉണ്ടാകും എന്ന ചൊല്ലിനുള്ള ഉദാഹരണമായി ആ നാമം നില കൊള്ളുന്നു. ഇനിയെങ്കിലും പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്‌ ആ പ്രതാപകാലം വീണ്ടെടുക്കട്ടെ എന്നാശംസിക്കുന്നു..

പ്രണയം എന്ന ചതിക്കുഴി...

പ്രണയം മഹത്തരമാണ് എന്നതില്‍ തര്‍ക്കമില്ല, പക്ഷെ ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിച്ചില്ലെങ്കില്‍ ഇതുപോലെ സംഭവിക്കും.പ്രണയിച്ച ആളിനൊപ്പം കഴിയാന്‍ ഹൃദയം നിറയെ സ്നേഹിച്ച മാതാപിതാകളേ ഉപേക്ഷിച്ചതിനു ദൈവം നല്‍കിയ ശിക്ഷയാണിത്..ചങ്ങനാശ്ശേരി താലൂക് ആശുപത്രിയില്‍ ജീവച്ഛവമായി കിടക്കുമ്പോള്‍ തനിക്കു സംഭവിച്ചത് ഒര്കുകയാണ് മീനാക്ഷി ഭവനില്‍ മീനു എന്ന പത്തൊന്‍പതുകാരി...!! കണ്ണടച്ച് പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ ഇതൊന്നു വായിക്കണം...ചതിക്കുഴി എവിടെയും ഉണ്ടാകും. പ്രണയിക്കാം, പക്ഷെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ കണ്ണുകള്‍ നിറക്കരുത്......!!

Tuesday, September 4, 2012

ഈ അമ്മയെ നിങ്ങള്‍ അറിയും..

ഈ അമ്മയെ നിങ്ങള്‍ അറിയും, മലയാളത്തിലെ അനുഗ്രഹീത നടന്‍ കലാഭവന്‍ മണിയുടെ മാതാവ് അമ്മിണി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞു ആദരാജ്ഞലികള്‍ .. തന്‍റെ മരണ ശേഷം സ്വന്തം കണ്ണുകള്‍ ദാനം ചെയ്യാന്‍ ഈ അമ്മ തീരുമാനിച്ചിരുന്നു. അമ്മയുടെ ആഗ്രഹ പ്രകാരം രണ്ടു പേര്‍ക്കായി അവരുടെ കണ്ണുകള്‍ ദാനം ചെയ്യപ്പെട്ടു . മരിച്ചിട്ടും പ്രകാശം പരത്തുന്ന ഈ അമ്മക്ക് നൂറു കോടി പ്രണാമം...

ഒരു വലിയ സല്യൂട്ട് ഈ അച്ഛന്...

മലയാളി ഓര്‍ക്കുന്നുണ്ടാകും- ഒരു ശങ്കരനാരായണനെ. 12 വയസ്സുള്ള മകള്‍ കൃഷ്ണപ്രിയയെ സ്‌കൂള്‍വിട്ടുവരുന്നവഴി ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വധിച്ചെന്ന കേസില്‍ അയാള്‍ കുറച്ചുകാലം തടവറയിലായിരുന്നു -കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പെണ്‍മ മണക്കുന്ന ഒരു നൂറ് എഴുത്തുകള്‍ ആ അച്ഛനെത്തേടി തടവറയിലെത്തി. അവര്‍ അയാളെ 'പ്രിയപ്പെട്ട അച്ഛനെ'ന്ന് വിളിച്ചു. ശങ്കരനാരായണനില്‍ ഒരച്ഛന്റെ പ്രതിരൂപം അവര്‍ കണ്ടിരിക്കണം. തീര്‍ച്ച. എന്നും വാര്‍ത്തകളില്‍ കാണുന്ന കൊച്ചുകൂട്ടുകാരികളുടെ പേരിനൊപ്പം സ്വന്തംപേരും ചേര്‍ത്തവര്‍ വായിച്ചിരിക്കണം. ഉള്ളിലടക്കിയൊതുക്കിയ ആന്തലോടെ ചോറ്റുപാത്രവുമായി അവരിന്നും പോകുന്നുണ്ടാകും. പള്ളിക്കൂടത്തിലേക്ക്, അല്ലെങ്കില്‍ കലാലയത്തിലേക്ക്, അതുമല്ലെങ്കില്‍ ജോലി സ്ഥലത്തേക്ക്. 2001 ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച, ദുരന്തം മണക്കുന്ന കാറ്റ് മഞ്ചേരിക്കടുത്ത ചരങ്കാവ് ചോണങ്ങാട് പൂത്തൊടിയില്‍ ശങ്കരനാരായണന്റെ വീടിനുചുറ്റും ആഞ്ഞു വീശിത്തുടങ്ങിയത് അന്നുമുതലാണ്. ചാരങ്കാവ് പി.എം.എസ്.എ ഹൈസ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി കൃഷ്ണപ്രിയ രാവിരുട്ടിയിട്ടും പുരയണഞ്ഞില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിനടുത്ത റബര്‍തോട്ടത്തിലെ കുറ്റിക്കാട്ടില്‍ അവളുടെ ചലനമറ്റ ശരീരം കണ്ടു. പ്രതി അയല്‍ക്കാരനായ മുഹമ്മദ് കോയ എന്നൊരുത്തന്‍. ശങ്കരനാരായണന്റെ ലോകമിന്ന് ഈ വീടും കുടുംബവും മാത്രമാണ്. കൃഷിപ്പണിയുമായി, ആരോടും പരിഭവവും പരാതിയുമില്ലാതെ ഒതുങ്ങിക്കഴിയുന്നു. ഒരിക്കലും മറക്കാത്ത ആ ഓര്‍മകളെ വീണ്ടുമൊന്ന് ആവര്‍ത്തിക്കാന്‍ ആ അച്ഛന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും, അയാള്‍ പലതും പറയുന്നുണ്ട്. നീതിയുടെ നെറ്റിത്തടങ്ങളില്‍നിന്ന് അനീതിയുടെ നെഞ്ചുതുളക്കുന്ന കൊമ്പുകള്‍ മുളക്കുന്നതുകണ്ട ഒരു സാധാരണക്കാരന്റെ ഉള്ളുപൊള്ളിക്കുന്ന ചില വര്‍ത്തമാനങ്ങള്‍. കൃഷ്ണപ്രിയ പോയിട്ട് പത്ത് വര്‍ഷം തികയാറാകുന്നു. അല്ലെങ്കില്‍, ഒരു ഇരുപത്തൊന്നുകാരിയായി അവളിന്നും ഈ വീട്ടിലുണ്ടാകും. കതിര്‍മണ്ഡപത്തിലേക്ക് അവളെ ആശീര്‍വദിച്ചാനയിക്കാന്‍ കൊതിച്ച ആ മുത്തശ്ശി, വന്ന അതിഥികള്‍ ആരൊക്കെയെന്നന്വേഷിച്ച് ഇടക്കിടെ വന്നു. മകന്‍ മറുപടി നല്‍കിയെങ്കിലും അത് കേള്‍ക്കാനുള്ള ശക്തി ആ കാതുകള്‍ക്കിന്നില്ല. എപ്പഴോ മകനൊന്ന് മാറിനിന്നപ്പോള്‍ അവര്‍ പൂമുഖത്ത് തൂക്കിയിട്ടിരുന്ന ആ ചിത്രത്തിലേക്ക് ഒന്നുനോക്കി. പെട്ടെന്ന് കണെ്ണടുത്തു. ഇടറിയ സ്വരത്തില്‍ പറഞ്ഞു: ''ഞങ്ങടെ കുട്ട്യാത്.''

Friday, July 27, 2012

ഓണത്തിനിടക്ക് പുട്ട് കച്ചവടം (Sponsered by Kerala Govt.)


വേണ്ടതിനും, വേണ്ടാത്തതിനും എല്ലാം ഹര്‍ത്താലുകളും, പണിമുടക്കും പ്രഖ്യാപിക്കുന്ന അണ്ണന്മാരൊക്കെ ഉറങ്ങിപ്പോയോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ വക ഓണം ബോണസ് ആയി വൈദ്യുതി നിരക്ക് ഇരട്ടിയിലധികം കൂട്ടിയിട്ടും ആര്‍ക്കും അനക്കമൊന്നും ഇല്ലേ? നാട്ടില്‍ സര്‍ക്കാര്‍ ജോലി ഉള്ളവര്‍ മാത്രം ജീവിച്ചാല്‍ മതിയോ ചാണ്ടിച്ചായാ? പെട്രോള്‍ വില കൂട്ടിയപ്പോള്‍ നടന്നു പോകാമെന്ന് വെച്ചു, മദ്യത്തിന്‍റെ വില കൂട്ടിയപ്പോള്‍ വെള്ളമടിക്കുന്നില്ലയെന്നു വെച്ചു, അപ്പോള്‍ ദേ വൈദ്യുതി നിരക്ക് കൂട്ടി, ഇനി ഇരുട്ടത്ത്‌ ജീവിക്കണോ? കേരളത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ആര്‍ക്കും കേറി നിരങ്ങാമെന്ന അവസ്ഥയിലായോ? പെന്‍ഷന്‍ വര്‍ധനവിലൂടെയും, ശമ്പള വര്‍ധനവിലൂടെയും വരുത്തി വെച്ച കടങ്ങള്‍ തീര്‍ക്കാന്‍ ജനങ്ങളെ പിഴിയുന്ന വളരെ ഭീകരമായ അവസ്ഥയാണ് ഈ നിരക്ക് വര്‍ധന. ഇവന്മാരെയൊക്കെ വോട്ടു ചെയ്തു അധികാരത്തില്‍ കയറ്റിയവരോട് ഇങ്ങനെ തന്നെ ചെയ്യണം. "അതിവേഗം ബഹുദൂരം" മുന്നേറുന്നുണ്ട്, ഭരണമല്ല, വിലക്കയറ്റം..!!!

Friday, June 8, 2012

പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഒരോര്‍മ്മക്കുറിപ്പ്...

മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍ എന്നത് തര്‍ക്കമില്ലാത്ത സത്യമാണ്. ആ മഹാ നടന്‍റെ കഴിവിനെ പറ്റി പറയാന്‍ എന്‍റെ ഈ ബ്ലോഗിന് അര്‍ഹതയില്ല. തനിക്കു ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും എവിടെ വെച്ചും തുറന്നു പറയുന്ന പ്രകൃതം. അതുകൊണ്ട് തന്നെ മിത്രങ്ങളെപ്പോലെ ശത്രുക്കളെയും ഒരുപാട് സമ്പാദിച്ചിട്ടുണ്ട്  അദ്ദേഹം. ഞാന്‍ ആദ്യമായി ജഗതി ശ്രീകുമാര്‍ എന്ന ആ മഹാനടനെ കാണുന്നത് എന്‍റെ നാട്ടിലെ  ഒരു ക്ഷേത്രത്തിലെ ഉത്സവ സമയത്താണ്. അമ്പലത്തിലെ ഒരു യുവജന സംഘടനയുടെ ആരംഭം കുറിക്കാന്‍ മുഖ്യാഥിതിയായി എത്തിയത് ജഗതി ആയിരുന്നു. ഞാന്‍ അന്ന് സ്കൂള്‍ കുട്ടിയാണ്,(മനസ്സ് കൊണ്ട് ഇപ്പോഴും അങ്ങനെ തന്നെയാണ്). ഓര്‍മ്മ വച്ച നാള്‍ മുതലേ ഒരുപാട് സിനിമകളില്‍ പല പല കഥാപാത്രങ്ങളായി മാറി മാറി വന്നിട്ടുള്ള ആ ആരാധന മൂര്‍ത്തിയെ നേരിട്ട് കാണാന്‍ വേണ്ടി അദ്ദേഹം വരുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ ഞാന്‍ അമ്പലപ്പറമ്പിലെത്തി. അത്രയും മുന്‍പേ വരാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, കഥാപാത്രങ്ങളായി വന്നു എന്നെ ഒത്തിരി ചിരിപ്പിച്ചിട്ടുള്ള ജഗതി ശ്രീകുമാര്‍ എന്ന മനുഷ്യനെ അടുത്ത് കാണുക, പിന്നെ എന്‍റെ കയ്യില്‍ കരുതിയിട്ടുള്ള ഡയറിയില്‍ അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ എന്തെങ്കിലും ഒരു വാക്ക് കുറിപ്പിക്കുക . ഈ ദുരുദ്ദേശ്യത്തോടെ വേദിക്ക് അരികില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ അവിടെ പറയുന്നത് കേട്ടു,"ജഗതി ചിലപ്പോഴേ വരൂ എന്ന്". കാരണം, അതിനു രണ്ടു ദിവസം മുന്‍പാണ് ജഗതിയുടെ അച്ഛന്‍, ജഗതി എന്‍ കെ ആചാരി എന്ന മഹാനായ നാടകാകൃത്ത് അന്തരിച്ചത്‌. പക്ഷെ ഒരു സംശയങ്ങളും ഉണ്ടാക്കാതെ കൃത്യ സമയത്ത് തന്നെ ജഗതി വേദിയിലെത്തുകയും ആ ചടങ്ങ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എനിക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തക്കവണ്ണം ഒരു ഓര്‍മ്മക്കുറിപ്പ്‌ സമ്മാനിക്കുകയും ചെയ്തു. അതില്‍ രണ്ടു വാക്കേ ഉണ്ടായിരുന്നുള്ളൂ, "Regards Jagathy".
           ഇത്രയും പറയാന്‍ കാരണം  രണ്ടു ദിവസം മുന്‍പ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന വാര്‍ത്ത പത്രത്തില്‍ അറിഞ്ഞതിന്‍റെ  സന്തോഷത്തിലാണ്. അദ്ദേഹത്തെ ഹോസ്പിറ്റലിലെ മുറിക്കു പുറത്തേക്കു കൊണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു. മാത്രവുമല്ല, രണ്ടു മാസത്തിനകം അദ്ദേഹത്തിന് സംസാരശേഷി വീണ്ടെടുക്കാനും കഴിയുമെന്ന് വെല്ലൂരിലെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വലതു കൈയ്യും, കാലും ചലിപ്പിക്കാനും സാധിക്കുന്നുണ്ടത്രേ. ഭക്ഷണം കഴിക്കാനുള്ള ട്യൂബ് മാറ്റിയിട്ടില്ല, എങ്കിലും ഇപ്പോള്‍ അദ്ദേഹം ഭക്ഷണം സാധാരണ പോലെ കഴിക്കുന്നുണ്ട്. നേരത്തെ ദ്രവരൂപത്തിലുള്ള ആഹാരം ട്യൂബ് വഴിയാണ് നല്‍കിയിരുന്നത്,എന്നാല്‍ ഇപ്പോള്‍ മറ്റു ഭക്ഷണങ്ങളും കഴിക്കുന്നുണ്ടെന്ന് ജഗതിയുടെ മരുമകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
         എന്തായാലും അദ്ദേഹം എത്രയും വേഗം പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്ത്‌ സിനിമയിലേക്ക് തിരിച്ചു വരാന്‍ വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.

JAGATHY SREEKUMAR 


Sunday, June 3, 2012

യാത്രക്കാരുടെ ജീവന്‍വെച്ച് KSRTC യുടെ കളി

ഇന്നലെ (02.06.2012) ഉച്ചക്ക് 12.30 ന് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസ്സിന്‍റെ ഗതി കണ്ടില്ലേ!  ബസ്‌ ചേര്‍ത്തല എത്തിയപ്പോള്‍ മുന്നില്‍ ഇടതുഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചു . ബസ്‌ അധികം വേഗതയില്‍ അല്ലാതിരുന്നത് കൊണ്ട് ഒരു വന്‍ ദുരന്തം ഒഴിവായി. കഷ്ടകാലത്തിനായാലും, നല്ല കാലത്തിനായാലും ശരി ഈയുള്ളവനും അതിലെ ഒരു യാത്രക്കാരനായിരുന്നു. ദീര്‍ഘദൂര ബസ്സുകളില്‍ മുന്‍ഭാഗത്ത്‌ പഴയതോ, തേഞ്ഞതോ ആയ ടയറുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് നിയമം. എന്നാല്‍ കട്ട ചെയ്ത തയാറാണ് ഈ ബസ്സില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമായി മനസ്സിലാകും. ഇതൊക്കെ ആര് നോക്കാന്‍. ഒരു ദുരന്തം സംഭവിക്കുന്നത്‌ വരെയും അത് ഇങ്ങനെ തന്നെ തുടരും. സത്യത്തില്‍ ഇതിനു ഉത്തരവാദി ആരാണ്? ആലപ്പുഴ ഡിപ്പോയില്‍ നിന്നുള്ള ബസ്സിനാണ്‌ ഈ ഗതി വന്നത്. തിരുവനന്തപുരത്ത് നിന്നും തൃശൂര്‍ വരെ ഏതാണ്ട് 5 ജില്ലകളിലൂടെ നിറയെ യാത്രക്കാരുമായി കടന്നു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് ഈ കട്ട ചെയ്ത ടയര്‍ ഇട്ടിട്ടുള്ളതെന്നത് വളരെ വിചിത്രമായി തോന്നി. എന്‍റെ ഈയൊരു ഫോട്ടോ കൊണ്ടൊന്നും ഇത് മാറാന്‍ പോകുന്നില്ലെന്ന് അറിയാം, എന്നാലും ഇനി ദീര്‍ഘദൂരം യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാര്‍ എങ്കിലും ഇതൊന്നു ശ്രദ്ധിച്ചാല്‍ നന്ന്, ഇല്ലെങ്കില്‍ നഷ്ടമാകുന്നത് നിങ്ങളുടെ വിലപ്പെട്ട സമയവും, പലരുടെയും ജീവനും ആയിരിക്കും.

Monday, May 14, 2012

വെള്ളിനക്ഷത്രത്തിലെ സുന്ദരിക്കുട്ടി ഓര്‍മ്മയായി, വിശ്വസിക്കാനാവാതെ പ്രേക്ഷകര്‍...

കഴിഞ്ഞ ദിവസം നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു മരിച്ചവരില്‍ ബാലതാരവും. 'വെള്ളിനക്ഷത്രം' എന്നാ മലയാള ചലച്ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന 'തരുണി സച്ദേവ്' ആണ് മരിച്ചത്. ഒരുപിടി പരസ്യ ചിത്രങ്ങളിലും, 'പാ' എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. വെള്ളിനക്ഷത്രം കൂടാതെ 'സത്യം', 'അതിശയന്‍' എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട " I LOVE YOU RASNA " പരസ്യത്തിലും ഈ കൊച്ചു സുന്ദരിയാണ് അഭിനയിച്ചിട്ടുള്ളത്. തരുണിയുടെ അമ്മ ഗീത സച്ദേവ് ഉള്‍പ്പടെ 15 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഏറ്റവും കൂടുതല്‍ തിരക്കുള്ള ബാല നടിമാരില്‍ ഒരാളായിരുന്ന തരുണി 50 ല്‍ ഏറെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മുഴുവന്‍ ഓമനയായി മാറിയിരുന്ന തരുണിയുടെ മരണ വാര്‍ത്ത മലയാളികളെ നടുക്കിയിരിക്കുകയാണ്. അമ്മയോടൊത്ത്‌  നേപ്പാളിലെ ഒരു ക്ഷേത്ര സന്ദര്‍ശനത്തിനു പോയ സമയത്താണ് ഈ അപകടം സംഭവിച്ചത്. വിശ്വസിക്കാനാകുന്നില്ലെങ്കിലും സുന്ദരി മോള്‍ക്ക്‌ ഒരു പിടി ആദരാന്ജലികള്‍......

Friday, May 11, 2012

പിള്ള മനസ്സില്‍ കള്ളമില്ല !!!

പഴഞ്ചൊല്ലില്‍ പതിരില്ല എന്നാണു പറയുന്നതെങ്കിലും ചെറിയ പതിരൊക്കെ ആകാം എന്നാണു തോന്നുന്നത്, കലി കാലമല്ലേ. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണ് നമ്മളൊക്കെ വിശ്വസിച്ചിരുന്നത്, പക്ഷെ നമ്മുടെ സ്വന്തം പിള്ള ചേട്ടന്‍റെ കാര്യം ആലോചിക്കുമ്പോഴാണ് ഒരു ചെറിയ സംശയം അല്ലെ? മറ്റാരുടെയുമല്ല, നമ്മുടെ ബാലകൃഷ്ണ പിള്ള സാറിന്‍റെ കാര്യം തന്നെയാ പറഞ്ഞു വരുന്നത്. അദ്ദേഹം കേസില്‍പ്പെട്ടു ജയിലില്‍ പോയതും,മാറാരോഗം പിടിപെട്ടു ആശുപത്രിയില്‍ ആയതുമൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു പൊതു ജനങ്ങള്‍ക്ക്‌ അല്ലെ? (ദു:സ്വപ്നം). പൊതു ജനം (പാര്‍ട്ടിക്കാരല്ല ) ഒരാളെ വോട്ടു ചെയ്തു ജയിപ്പിക്കുന്നത് ബാലകൃഷ്ണ പിള്ളയും, അദ്ദേഹത്തിന്‍റെ  സ്തുതിപാടകരും പറയുന്നത് കേള്‍ക്കാനാണോ? "കൊണ്ട് നടന്നതും നീയേ ചാപ്പാ" അങ്ങനെയോ മറ്റോ ഒരു പഴഞ്ചൊല്ലില്ലേ, അതുപോലാണ് ഇപ്പോള്‍ നമ്മുടെ ഗണേശന്‍റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതും. പിള്ള ചേട്ടന്‍റെ വിചാരം ഇപ്പോഴും നാട്ടില്‍ മാടമ്പികളെ ജനങ്ങള്‍ അനുസരിക്കുമെന്നാണെന്ന് തോന്നുന്നു. ആ കാലമൊക്കെ കഴിഞ്ഞു പോയത് അദ്ദേഹം അറിഞ്ഞില്ലയോ ആവോ. വയസ്സാം കാലത്ത് വല്ല വാര്ദ്ധക്ക്യ പെന്‍ഷനും വാങ്ങി രാമ രാമ ചൊല്ലി ഇരിക്കണ്ട സമയമായെന്ന് പിള്ളക്കൊഴികെ ബാക്കി എല്ലാവര്ക്കും അറിയാം. വയസ്സാംകാലത്തും പേര്ദോഷം കേള്‍പ്പിച്ചേ അടങ്ങുള്ളൂ എന്ന് വച്ചാല്‍ എന്താ ചെയ്യുക.   ആകപ്പാടെ ഒരു മകനല്ലേ ഉള്ളു, അങ്ങേരു നന്നാവുന്നത് കാണുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ പിന്നെ പിള്ളച്ചന്‍ എങ്ങനാ ഒരു നല്ല അച്ചനാകുന്നത്? അച്ചായന്‍റെ മന്ത്രിസഭയില്‍ മര്യാദക്ക് ഭരണം നടത്തുന്ന ചുരുക്കം മന്ത്രിമാരില്‍ ഒരാളാണ് ഗണേശന്‍ എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ സമയത്താണ് പിള്ള ചേട്ടന്‍ സമയവും കാലവും ഒന്നും നോക്കാതെ ഒരോന്നിനു എടുത്തു ചാടുന്നത്.  അഹങ്കാരം കൊണ്ട് പറയുകയല്ല, എന്‍റെ പൊന്നു അമ്മാവാ, പിള്ള ചേട്ടാ, ദയവു ചെയ്തു മാടമ്പി സ്വഭാവമൊക്കെ അവസാനിപ്പിച്ചു രാമായണമൊക്കെ ഒന്ന് വായിച്ചു വീട്ടില്‍ അടങ്ങി കുറച്ചുനാളിരിക്ക്, എന്താ സംഭവിക്കുകയെന്ന് നോക്കാമല്ലോ. വെറുതെ ഞങ്ങള്‍ ജനങ്ങളെ വെറുപ്പിക്കാന്‍ ഇറങ്ങല്ലേ.... 

Friday, April 27, 2012

ഫഹദ് ഫാസില്‍ ഓട്ടോ ഡ്രൈവര്‍ ആകുന്നു...

ആലപ്പുഴയിലെ പെണ്‍കുട്ടികളുടെ ഒരു വലിയ അവസരം നഷ്ടമായി. കഴിഞ്ഞ ദിവസം ഉച്ചക്ക് ആലപ്പി നഗരത്തില്‍ ഉണ്ടായിരുന്ന പെണ്‍കൊടികള്‍ക്ക് മലയാള സിനിമയിലെ ഹോട്ട് സ്റ്റാര്‍ ആയ ഫഹദ് ഫാസിലുമായി ഓട്ടോറിക്ഷയില്‍ കറങ്ങാന്‍ ഒരു  അവസരം കിട്ടുമായിരുന്നു. ചീപ് പബ്ലിസിറ്റി ഹണ്ട് ഒന്നും അല്ലാ, അദ്ദേഹം ഉച്ചക്ക് ഉണ്ണാന്‍ വേണ്ടി ഓട്ടോയില്‍ വീട്ടിലേക്കു പോയതാ! വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ, ഫഹദ് ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ലിജിന്‍ ജോസിന്‍റെ FRIDAY യുടെ ലൊക്കേഷന്‍ ആലപ്പി ആണ്. ലഞ്ച് ബ്രേക്ക് ആയപ്പോഴാണ് തന്‍റെ കാര്‍ സര്‍വീസിനു കൊടുത്ത കാര്യം താരം ഓര്‍ത്തത്‌. നോക്കിയപ്പോഴുണ്ട് സിനിമയിലെ തന്‍റെ സന്തതസഹചാരിയായ ഓട്ടോ കിടക്കുന്നത് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല, നേരെ ഓട്ടോയുമെടുത്തു വീട്ടിലേക്കു വിട്ടു, സിനിമയിലെ ഓട്ടോ ഡ്രൈവറുടെ അതേ വേഷത്തില്‍ തന്നെ. ഓട്ടോയില്‍ പോയപ്പോള്‍ ആരെങ്കിലും തിരിച്ചറിഞ്ഞോ എന്ന ചോദ്യത്തിന്, ആരും തിരിച്ചറിഞ്ഞില്ല, പക്ഷെ ഒത്തിരിപ്പേര്‍ ഓട്ടോയ്ക്ക് വേണ്ടി കൈ കാണിച്ചു, വിശപ്പ്‌ സഹിക്കാന്‍ വയ്യാത്തതുകൊണ്ട് ആരെയും കയറ്റാന്‍ പറ്റിയില്ല. അല്ലെങ്കില്‍ ഉറപ്പായും യാത്രക്കാരെ കയറ്റുമായിരുന്നുവെന്നും ഫഹദ് പറഞ്ഞു.
ഫഹദ് ഫാസില്‍

Thursday, April 26, 2012

യുവി ഗ്രൗണ്ടില്‍, ആവേശം! ആഘോഷം!

തന്‍റെ ടീമായ പൂനെ വാറിയേഴ്സിനു ആവേശം പകരാന്‍, ശ്വാസകോശ അര്‍ബുദത്തെ മറികടന്ന ക്രിക്കറ്റ്‌ ഹീറോ യുവരാജ് സിംഗ് സ്റ്റേഡിയത്തിലെത്തി. പൂനെയിലെ സുബ്രതരോയ് സഹാറ സ്റ്റേഡിയത്തിലെത്തിയ യുവിയെ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് എതിരേറ്റത്‌. യുവിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള അറിയിപ്പുകള്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോഴൊക്കെ കളി കാണാനെത്തിയ മുഴുവന്‍ കാണികളും ആരവം മുഴക്കി. കഴിഞ്ഞ IPL സീസണില്‍ പൂനെ വാറിയേഴ്സിന്‍റെ ക്യാപ്റ്റന്‍ ആയിരുന്നു യുവി. അമേരിക്കയില്‍ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം രണ്ടാം തവണയാണ് യുവരാജ് ഒരു പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. പൂനെ ടീമിന്‍റെ നെറ്റ്സില്‍ എത്തിയ യുവി ഏതാനും ഷോട്ടുകള്‍ കളിക്കുകയും ചെയ്തു. പൂര്‍ണ്ണ ആരോഗ്യവാനായതിനു ശേഷം മാത്രമേ യുവിയെ ടീമില്‍ കളിപ്പിക്കുകയുള്ളൂവെന്ന് പൂനെ ടീമുടമ സുബ്രത റോയ് നേരത്തെ പറഞ്ഞിരുന്നു. ഒരു കളി പോലും കളിച്ചില്ലെങ്കിലും സീസണിലെ മുഴുവന്‍ തുകയും യുവിക്ക് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്തായാലും രോഗമോക്കെ ഭേദമായി വേഗം കളിയിലേക്ക് യുവി മടങ്ങി വരുന്നതിനു വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.
YUVRAJ SINGH 
 

Wednesday, April 4, 2012

ജഗതിയെ റൂമിലേക്ക്‌ മാറ്റി; നില മെച്ചപ്പെട്ടു...

അപകടത്തില്‍പ്പെട്ടു ആശുപത്രിയിലായിരുന്ന  മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. വെല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനു മുന്നോടിയായി അദ്ദേഹത്തെ പ്രത്യേക റൂമിലേക്ക്‌ മാറ്റിയതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഓരോ ദിവസം കഴിയുമ്പോളും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും, ഫിസിയോതെറാപ്പിയോടു വളരെ നന്നായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ജഗതി അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളോട് സംസാരിച്ചു തുടങ്ങിയതായും അവര്‍ പറഞ്ഞു. വെല്ലൂരില്‍ നിന്നും വന്ന മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ദിവസം ജഗതിയെ പരിശോധിച്ചു. ഇതുവരെയുള്ള അദ്ദേഹത്തിന്‍റെ ചികിത്സയില്‍ അവര്‍ തൃപ്തി രേഖപ്പെടുത്തി. അദ്ദേഹത്തിനെ വിദഗ്ധചികിത്സക്കായി വെല്ലൂരിലെ CMC ആശുപത്രിയിലേക്ക് ഉടനെ കൊണ്ടുപോകുമെന്നും അവര്‍ അറിയിച്ചു. ജഗതി ശ്രീകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തേഞ്ഞിപ്പാലത്തിനു സമീപമുള്ള ഹൈവേയിലെ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' എന്ന ചിത്രത്തിന്‍റെ ചിത്രീകരനത്തിനായി കൊടഗിലേക്ക് പോകുന്ന വഴിയേയാണ്‌ അപകടം സംഭവിച്ചത്. എത്രയും പെട്ടെന്ന് മലയാള സിനിമയിലേക്ക് അദ്ദേഹത്തിനു മടങ്ങിവരാന്‍ സാധിക്കട്ടെയെന്നു നമുക്കും പ്രാര്‍ത്ഥിക്കാം....

ജഗതി ശ്രീകുമാര്‍ 

Thursday, March 1, 2012

ബാബുരാജ് പ്രൊഫസര്‍ ആകുന്നു, ഗ്ലാമറസ് ആയി ലക്ഷ്മി ഗോപാലസ്വാമി..

സോള്‍ട്ട് & പെപ്പര്‍ എന്ന ചിത്രത്തിലെ ബാബു എന്ന കഥാപാത്രത്തിലൂടെ തന്‍റെ അഭിനയ മികവിന്‍റെ വിശ്വരൂപം കാട്ടിയ  തന്‍റെ അടുത്ത പടത്തില്‍ പ്രൊഫസര്‍ ആകുന്നു. ബാബുരാജ് നായകനാകുന്ന ചിത്രത്തിന്‍റെ പേര് തന്നെയാണ് സിനിമയുടെ  പ്രധാന ആകര്‍ഷണം, നോട്ടി പ്രൊഫസര്‍  (NAUGHTY PROFESSOR ) . ചിത്രത്തിന്‍റെ കഥയും തിരക്കഥയും ബാബുരാജ്‌ തന്നെയാണ് രചിക്കുന്നത്‌. മനുഷ്യമൃഗം എന്ന ചിത്രത്തിന്‍റെ വമ്പന്‍ പരാജയം കണ്ടു കൊണ്ടാണോ എന്തോ, ബാബുരാജ് സംവിധാനം മറ്റൊരാളെ ഏല്‍പ്പിച്ചത്. ഹരി നാരായണന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. THE NUTTY PROFESSOR എന്ന പ്രശസ്തമായ ഹോളിവുഡ് ചിത്രത്തിന്‍റെ പേരിനോട് സാമ്യമുണ്ടെങ്കിലും കഥയ്ക്ക് അതിനോട് എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന് ചിത്രം കാണുമ്പോലെ അറിയാന്‍ പറ്റൂ. ലക്ഷ്മി ഗോപാലസ്വാമി ആണ് ചിത്രത്തിലെ നായിക. ലക്ഷ്മി ഗോപാലസ്വാമി ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അല്പം ഗ്ലാമറസ് ആയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്തായാലും സോള്‍ട്ട് & പെപ്പര്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷങ്ങളില്‍ നിന്നും പുനര്‍ജ്ജന്മം കിട്ടിയ ബാബുരാജിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാകട്ടെ പ്രോഫെസ്സര്‍ കഥാപാത്രം എന്ന് ആശിക്കുന്നു...



Friday, February 24, 2012

നയന്‍താര തിരിച്ചു വരുന്നു....


നയന്‍താരയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, അഭിനയം നിര്‍ത്തി എന്ന് പറഞ്ഞിരുന്ന നയന്‍സ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. പ്രഭുദേവയുമായി വിവാഹം നടന്നുവെന്ന വാര്‍ത്തകളുടെ കൂടെയാണ് നയന്‍സ് അഭിനയം നിര്‍ത്തി എന്ന് പ്രഖ്യാപിച്ചതും. എന്നാല്‍ നാഗാര്‍ജുന നായകനാകുന്ന പുതിയ തെലുങ്ക്‌ ചിത്രത്തില്‍  അഭിനയിക്കാന്‍ നയന്‍സ് സമ്മതം മൂളിക്കഴിഞ്ഞത്രേ. ഒരു തമിഴ് ചിത്രത്തിലേക്കും കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ശ്രീരാമരാജ്യം എന്ന തെലുങ്ക്‌ സിനിമയിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. ആ ചിത്രത്തിന്‍റെ അവസാന സീന്‍ ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ നയന്‍സ് സെറ്റില്‍ നിന്ന് പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. ഇടയ്ക്കു പ്രഭുദേവയും നയന്‍സും വഴി പിരിഞ്ഞുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതിനിടെയാണ് അഭിനയ രംഗത്തേക്ക് നയന്‍താരയുടെ തിരിച്ചു വരവ്.
അതിനിടെ നയന്‍താര പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയും ശക്തമായി. 'പ്രഭു' എന്ന് കയ്യില്‍ പച്ച കുത്തിയതാണത്രെ കാരണം. പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യണമെങ്കില്‍ കയ്യില്‍ ശരീരത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്ത്‌ നിന്നുമുള്ള ചര്‍മ്മം വേണം വച്ച് പിടിപ്പിക്കാന്‍, അത് എവിടെ നിന്ന് വേണം എന്ന കാര്യത്തിലാണത്രേ ഇപ്പോള്‍ നയന്‍സിന്‍റെ ടെന്‍ഷന്‍.
ശ്രീരാമരാജ്യം എന്ന തെലുങ്ക്‌ സിനിമയുടെ തമിഴ് പതിപ്പ് ഉടന്‍ പ്രദര്‍ശനത്തിനെത്തും . ശ്രീരാമരാജ്യത്തിന്‍റെ മലയാളം പതിപ്പും തയ്യാറാവുകയാണ്‌. വിഷുവിന് കേരളത്തില്‍ റിലീസാകും.

Nayanthara

 

Thursday, February 23, 2012

യാത്രക്കാരുടെ (കുടിയന്മാരുടെ) ശ്രദ്ധക്ക് .....!!!

ട്രെയിന്‍ യാത്രക്കാരായ അണ്ണന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌, ബാറില്‍ കേറി 2 പെഗ് അടിച്ചിട്ട് സുഖമായി ട്രെയിനില്‍ കേറി പോകാമെന്ന് വെച്ചാല്‍ ഇനി മുതല്‍ കുടുങ്ങും. ഇന്ത്യന്‍ റെയില്‍വേ ആക്ട്‌ 145 പ്രകാരമാണ് നടപടി. ബ്രീത്ത്‌അനലൈസരില്‍ 30 % ല്‍ കൂടുതല്‍ ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടാല്‍ 6 മാസം അകത്തു കിടക്കേണ്ടി വരും. വെള്ളമടിച്ചിട്ട് പ്ലാറ്റ്ഫോമില്‍ കയറിയാലും പണി ഉറപ്പാണ്‌. ട്രെയിനിനുള്ളില്‍ ഇരുന്നു മദ്യപിക്കാന്‍ പാടില്ലെന്ന് നേരത്തെ നിയമമുണ്ടെങ്കിലും, അടിച്ചിട്ട് കയറരുതെന്ന് നിയമം ആദ്യമായാണ്. മദ്യത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ അഭ്യസ്തവിദ്യരായ കുടിയന്മാരെ കുടുക്കാനുള്ള റയില്‍വേയുടെ തന്ത്രമായി വേണം ഇതിനെ കാണാന്‍. ട്രെയിനില്‍ സ്ത്രീകള്‍ക്ക് നേരെയും മറ്റും അതിക്ക്രമങ്ങള്‍ കാട്ടുന്നത് മുഴുവന്‍ കുടിയന്മാര്‍ ആണെന്നാണ് റയില്‍വേയുടെ ഭാഷ്യം. അതുകൊണ്ടാണത്രേ കുടിയന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാരണവും. പ്ലാറ്റ്ഫോമിലും, ട്രെയിനിനുള്ളിലും ബ്രീത്ത്‌അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തി പിടികൂടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന. അതുകൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്ന മാന്യ കുടിയന്മാര്‍ സൂക്ഷിക്കുക, "സൂക്ഷിച്ചാല്‍ ദുഖിക്കണ്ട".

സച്ചിന്‍ വിരമിക്കണമോ?

ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി രംഗത്ത് വന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങളില്‍ സച്ചിന് ഫോം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് ഗാംഗുലി ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയതെന്ന് തോന്നുന്നു. ഓസ്ട്രെലിയക്കെതിരായ ടെസ്റ്റ്‌ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരേയൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ആണെന്നത് ഗാംഗുലി മറന്നു പോയെന്നു തോന്നുന്നു. കഴിഞ്ഞ 23 വര്‍ഷമായി സച്ചിന്‍ ഇന്ത്യന്‍ ടീമിന്‍റെ അഭിഭാജ്യ ഘടകമാണ്. ഒരു പര്യടനത്തിലെ മോശം പ്രകടനം കൊണ്ട് മാത്രം സച്ചിനെ തള്ളിപ്പറഞ്ഞ ഗാംഗുലിയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ഗാംഗുലി ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. "സച്ചിന്‍ മഹാനായ കളിക്കാരനാണ്. ഏകദിനത്തില്‍ തുടര്‍ന്നും കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സച്ചിനാണ്. ഇപ്പോഴത്തെ ഫോം അനുസരിച്ച് സച്ചിന്‍ ഏകദിനത്തില്‍ തുടരുന്നത് ശരിയായ തീരുമാനമല്ല, സച്ചിന്‍ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. സച്ചിനേക്കാള്‍ ഇന്ത്യന്‍ ടീമിന് സേവനം ചെയ്ത മറ്റൊരു കളിക്കാരനില്ല. ഏകദിനത്തില്‍ ഇനിയും തുടരണമോ എന്ന് തീരുമാനിക്കേണ്ടത് സച്ചിനും സെലെക്ടര്‍മാരുമാണ്". ഗാംഗുലി പറഞ്ഞു.
സച്ചിന്‍ വിരമിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സച്ചിന് മാത്രമാണ്, ഗാംഗുലിക്കല്ല. ഗാംഗുലി പറഞ്ഞിട്ടല്ലലോ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക് വേണ്ടി കളിയ്ക്കാന്‍ തുടങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് പറയുന്ന വ്യക്തി വെറുമൊരു ക്രിക്കറ്റര്‍ മാത്രമല്ല, ഇന്ത്യക്കാരുടെ മുഴുവന്‍ 'വികാരമാണ്' എന്നത് ഗാംഗുലി മറക്കരുത്.

 

Friday, February 17, 2012

എല്ലാ മലയാളികള്‍ക്കും എന്‍റെ നമസ്ക്കാരം

എല്ലാ ലോക മലയാളികള്‍ക്കും എന്‍റെ നമസ്ക്കാരം. ഇത്രയും വലിയ ഒരു നമസ്ക്കാരം എന്തിനാന്നു ചോദിച്ചാല്‍, ഞാന്‍ ഒരുപാട് നാളായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്ന് കരുതുന്നത്, പക്ഷെ ഇത്തിരി വൈകിയാണെങ്കിലും എന്‍റെ ആ മോഹം സഫലമായിരിക്കുകയാണ്. അതിന്റെ സന്തോഷം കൊണ്ട് പറഞ്ഞതാണ്‌. ഈ ബ്ലോഗ്‌ തുടങ്ങാന്‍ ഇത്രയും വൈകിയതിന്‍റെ കാരണം വഴിയെ ബോധിപ്പിച്ചു കൊള്ളാം. വലിയ സാഹിത്യ സൃഷ്ടികള്‍ ഒന്നും പ്രതീക്ഷിക്കാതെ ഈയുള്ളവന്‍റെ ഈ ചെറിയ സംരംഭം പ്രോത്സാഹിപ്പിക്കുമെന്ന് ആഗ്രഹിക്കുകയാണ്. നമ്മള്‍ മലയാളികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ തൃശൂര്‍ പൂരത്തിന്‍റെ ചിത്രത്തോട് കൂടി എന്‍റെ ഈ ബ്ലോഗ്‌ പിറക്കുകയാണ്... നന്ദി, നമസ്ക്കാരം.


തൃശ്ശൂര്‍ പൂരം (THRISSUR POORAM)