Tuesday, September 4, 2012
ഒരു വലിയ സല്യൂട്ട് ഈ അച്ഛന്...
മലയാളി ഓര്‍ക്കുന്നുണ്ടാകും- ഒരു ശങ്കരനാരായണനെ. 12 വയസ്സുള്ള മകള്‍ കൃഷ്ണപ്രിയയെ സ്‌കൂള്‍വിട്ടുവരുന്നവഴി ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വധിച്ചെന്ന കേസില്‍ അയാള്‍ കുറച്ചുകാലം തടവറയിലായിരുന്നു -കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പെണ്‍മ മണക്കുന്ന ഒരു നൂറ് എഴുത്തുകള്‍ ആ അച്ഛനെത്തേടി തടവറയിലെത്തി. അവര്‍ അയാളെ 'പ്രിയപ്പെട്ട അച്ഛനെ'ന്ന് വിളിച്ചു. ശങ്കരനാരായണനില്‍ ഒരച്ഛന്റെ
പ്രതിരൂപം അവര്‍ കണ്ടിരിക്കണം. തീര്‍ച്ച. എന്നും വാര്‍ത്തകളില്‍ കാണുന്ന കൊച്ചുകൂട്ടുകാരികളുടെ പേരിനൊപ്പം സ്വന്തംപേരും ചേര്‍ത്തവര്‍ വായിച്ചിരിക്കണം.
ഉള്ളിലടക്കിയൊതുക്കിയ ആന്തലോടെ ചോറ്റുപാത്രവുമായി അവരിന്നും പോകുന്നുണ്ടാകും. പള്ളിക്കൂടത്തിലേക്ക്, അല്ലെങ്കില്‍ കലാലയത്തിലേക്ക്, അതുമല്ലെങ്കില്‍ ജോലി സ്ഥലത്തേക്ക്.
2001 ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച, ദുരന്തം മണക്കുന്ന കാറ്റ് മഞ്ചേരിക്കടുത്ത ചരങ്കാവ് ചോണങ്ങാട് പൂത്തൊടിയില്‍ ശങ്കരനാരായണന്റെ വീടിനുചുറ്റും ആഞ്ഞു വീശിത്തുടങ്ങിയത് അന്നുമുതലാണ്.
ചാരങ്കാവ് പി.എം.എസ്.എ ഹൈസ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി കൃഷ്ണപ്രിയ രാവിരുട്ടിയിട്ടും പുരയണഞ്ഞില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിനടുത്ത റബര്‍തോട്ടത്തിലെ കുറ്റിക്കാട്ടില്‍ അവളുടെ ചലനമറ്റ ശരീരം കണ്ടു. പ്രതി അയല്‍ക്കാരനായ മുഹമ്മദ് കോയ എന്നൊരുത്തന്‍.
ശങ്കരനാരായണന്റെ ലോകമിന്ന് ഈ വീടും കുടുംബവും മാത്രമാണ്. കൃഷിപ്പണിയുമായി, ആരോടും പരിഭവവും പരാതിയുമില്ലാതെ ഒതുങ്ങിക്കഴിയുന്നു. ഒരിക്കലും മറക്കാത്ത ആ ഓര്‍മകളെ വീണ്ടുമൊന്ന് ആവര്‍ത്തിക്കാന്‍ ആ അച്ഛന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും, അയാള്‍ പലതും പറയുന്നുണ്ട്. നീതിയുടെ നെറ്റിത്തടങ്ങളില്‍നിന്ന് അനീതിയുടെ നെഞ്ചുതുളക്കുന്ന കൊമ്പുകള്‍ മുളക്കുന്നതുകണ്ട ഒരു സാധാരണക്കാരന്റെ ഉള്ളുപൊള്ളിക്കുന്ന ചില വര്‍ത്തമാനങ്ങള്‍.
കൃഷ്ണപ്രിയ പോയിട്ട് പത്ത് വര്‍ഷം തികയാറാകുന്നു. അല്ലെങ്കില്‍, ഒരു ഇരുപത്തൊന്നുകാരിയായി അവളിന്നും ഈ വീട്ടിലുണ്ടാകും. കതിര്‍മണ്ഡപത്തിലേക്ക് അവളെ ആശീര്‍വദിച്ചാനയിക്കാന്‍ കൊതിച്ച ആ മുത്തശ്ശി, വന്ന അതിഥികള്‍ ആരൊക്കെയെന്നന്വേഷിച്ച് ഇടക്കിടെ വന്നു. മകന്‍ മറുപടി നല്‍കിയെങ്കിലും അത് കേള്‍ക്കാനുള്ള ശക്തി ആ കാതുകള്‍ക്കിന്നില്ല. എപ്പഴോ മകനൊന്ന് മാറിനിന്നപ്പോള്‍ അവര്‍ പൂമുഖത്ത് തൂക്കിയിട്ടിരുന്ന ആ ചിത്രത്തിലേക്ക് ഒന്നുനോക്കി. പെട്ടെന്ന് കണെ്ണടുത്തു. ഇടറിയ സ്വരത്തില്‍ പറഞ്ഞു: ''ഞങ്ങടെ കുട്ട്യാത്.''
Subscribe to:
Post Comments (Atom)
No comments:
Post a Comment